Pages

ഒട്ടല്‍

വിരലുകള്‍ക്കിടയില്‍ ഇടയ്ക്കിടെ ഒരു പ്ലവം ഉണ്ടാവുമായിരുന്നു.കുട്ടികള്‍ ചക്കവിളഞ്ഞി കൊണ്ട് കളിക്കുമ്പോലെ ഒട്ടിച്ചും വിടര്‍ത്തിയും കളിച്ചിരുന്നു.രസക്കേട് തോന്നിയപ്പോള്‍ ഡോക്ടറെ കണ്ടിരുന്നു.പലവിധമരുന്നുകള്‍ പയറ്റിനോക്കിയിരുന്നു.എന്നിട്ടും ഒരു ദിവസം രണ്ടുവിരലുകള്‍ രണ്ടായി പ്രവര്‍ത്തിക്കുന്നതില്‍ വലിയ കാര്യമില്ലെന്ന് പ്രഖ്യാപിച്ച് ഒട്ടിച്ചേര്‍ന്നു.ഒട്ടിച്ചേര്‍ന്ന രണ്ടുവിരലുകള്‍ കൊണ്ടുംജീവിതം സാധ്യമായതിനാല്‍ അതിനെ നിസ്സാരമായിത്തള്ളി.ഒന്നുരണ്ടാഴ്ചയേ വേണ്ടിവന്നുള്ളൂ.മൂന്നും നാലും അഞ്ചും വിരലുകള്‍ ഒട്ടല്‍ പ്രസ്ഥാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എന്നെ പ്രതിസന്ധിയിലാക്കി.സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞു.അതിനിടയില്‍ ഇടതുകൈയിലും ഇതേ പ്രവണതകള്‍ കണ്ടുതുടങ്ങി.ഏതുവരെ പോകുമെന്ന് നോക്കാം എന്നിട്ടുമതി സര്‍ജറിയെന്ന് ഡോക്ടര്‍ .മാസം ഒന്നു കഴിഞ്ഞു.കക്ഷങ്ങളിലും സന്ധികളിലുംഒരൊട്ടല്‍ അനുഭവപ്പെട്ടുതുടങ്ങി.ഒരുദിവസം രാവിലെ എഴുന്നേറ്റത് ഉടലിനോട് രണ്ടുകൈകളുംഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു.കൈകള്‍ കൊണ്ട് ചെയ്യേണ്ടുന്നഎല്ലാ കാര്യങ്ങള്‍ക്കും പരസഹായം വേണം.ഡോക്ടറെ കണ്ടു.പലവിധ ടെസ്റ്റുകള്‍ നടത്തി.നാട്ടിലുള്ള ഡോക്ടര്‍മാരൊക്കെ ഒത്തുകൂടി.പലവിധപരീക്ഷണങ്ങള്‍ നടത്തി.ഒരു പരീക്ഷണവസ്തുവാകുന്നതിലുള്ള അമര്‍ഷം കൊണ്ട് ഒരു ദിവസം ഇറങ്ങിപ്പോന്നു.അതിന്റെ പിറ്റേന്ന് രണ്ടുകാലുകളും ഒട്ടിച്ചേര്‍ന്നു.കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനാവാതെ ഞാന്‍ മറിഞ്ഞുവീണു.ഒരു മാസം കിടന്നകിടപ്പില്‍ ജീവിച്ചു.സമയാസമയങ്ങളില്‍ ഭക്ഷണം തന്നും മലമൂത്രാദികള്‍ കോരിയും ഭാര്യ വീട്ടിലുണ്ടായിരുന്നു.അവളുടെയും വിരലുകള്‍ ഒട്ടുന്നതായിഒരുദിവസം അവള്‍ കണ്ടുപിടിച്ചു.ഒരാഴ്ചയ്ക്കുള്ളില്‍ അവളും എന്നെപ്പോലെയായി.ഒരു പ്രഭാതത്തില്‍ അവള്‍ ഇഴഞ്ഞിഴഞ്ഞ്എന്റെ കിടക്കയ്ക്കരികിലെത്തി.ഞങ്ങള്‍ പരസ്പരം വിളിച്ചുകരഞ്ഞു.ഞാന്‍ താഴേക്ക് മറിഞ്ഞുവീണു.ഞങ്ങള്‍ ചുംബിച്ചുകൊണ്ടിരുന്നു.ഇണചേരുവാന്‍ കുറേക്കാലത്തിനുശേഷം ഞങ്ങള്‍ക്കു തോന്നി.പക്ഷേ,അത് അസാധ്യമായിരുന്നു.ഞങ്ങള്‍ വെറുതെ ചേര്‍ന്നുകിടന്നു.ഉണരുമ്പോള്‍ ഞങ്ങളുടെ ഉടലുകള്‍ ഒട്ടിപ്പിടിച്ചിരുന്നു.ദുര്‍വിധിയോട് എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു.ഞങ്ങള്‍ കരഞ്ഞില്ല,പക്ഷേ കണ്ണുകള്‍ നിറഞ്ഞിരുന്നു.നെഞ്ച് കനത്തിരുന്നു.ഒറ്റ ഉടലായിത്തീര്‍ന്ന ഞങ്ങള്‍ ഇഴഞ്ഞിഴഞ്ഞു ചെന്ന് ഉമ്മറവാതില്‍ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് കടിച്ചുതുറന്ന് പുറത്തേക്കിറങ്ങി,മുറ്റത്തേക്ക് ഇഴഞ്ഞു.